Sunday 2 September 2012

മഹുവാ

നീ എനിക്ക് 'മഹുവാ' മരം.
ഹൃദയത്തില്‍ സംഗ്രഹിക്കുകയും അധരങ്ങള്‍ കൊണ്ടു ഏറ്റു പറയുകയും ചെയ്യേണ്ടുന്ന 
വിശുദ്ധ 'ടോട്ടം'.

അലിവുള്ള ദൈശികവീഞ്ഞ് സൂക്ഷിച്ചുവെച്ചിരിക്കുന്ന -
പഴയ തോല്‍ക്കുടങ്ങള്‍ , നിന്റെ മഞ്ഞപ്പൂക്കള്‍.

കാട്ടുവവ്വാലുകള്‍ പരാഗണം നടത്തുന്ന -
മാംസത്തെക്കാള്‍ മിനുത്ത , അവയുടെ ഉള്‍ദളങ്ങള്‍.
കഷായിത-ഗോത്ര മോണകള്‍ രാകിത്തിന്നുന്ന-
തുടുസൂര്യന്മാര്‍ , നിന്റെ പഴങ്ങള്‍.

നിന്റെ ഗന്ധം ചുത്തപ്പുള്ളി സമം.
നിന്റെ രുചി 'മുള്ളോ' വെണ്ണമയം.

നീ,
എന്‍റെ വീട്ടിന്‍പറമ്പിലെ ഏക മഹുവാമരം.
മനസ്സിന്‍പറമ്പില്‍ പക്ഷെ , നിറയെ നിറയെ വയലറ്റ് മഹുവാതൈകള്‍ :)

Thursday 5 January 2012

സുഖപ്രസവം

അമ്മേ, കത്തിമുന കാണാതെ പിറക്കുന്ന കുഞ്ഞുങ്ങളാണ് ഭാവിയില്‍ കത്തിമുനകളില്‍ ജീവിക്കേണ്ടി വരുന്നതെന്ന് അനുഭവം കൊണ്ടും അവലോകനം കൊണ്ടും ഞാന്‍ മനസ്സിലാക്കുന്നുണ്ട്. ആയതിനാല്‍, സകല സന്താനങ്ങളെയും മരാളചര്‍മ്മങ്ങള്‍ പിളര്‍ന്നു പുറത്തെടുക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

ഇടുക്കുചാലുകളില്‍ ഉടക്കാതെ, മുതുതീണ്ടാരിക്കുണ്ടങ്ങളില്‍ ചാടാതെ, കൊടിചുറ്റുകള്‍ക്ക് കഴുത്തുകൊടുക്കാതെ, മണ്ട മടമ്പാക്കാതെ, പത്തുതികഞ്ഞ പീതതൊള്ളകള്‍ ചെവി കീറാതെ, ഗുഹാമുഖങ്ങളില്‍ കാല്‍വഴുതി കണ്ണില്‍ ഗോത്രപ്പക എരിയാതെ, കത്തിമുനയില്‍ വേണം കുഞ്ഞുങ്ങളോരോന്നും പിറക്കുവാന്‍.. ..  മൂപ്പ് പോരാത്ത ചുവന്ന റൊട്ടിതുണ്ടങ്ങളെ പുകയില്ലാ അടുപ്പുകളില്‍ ബേക്ക് ചെയ്തെടുത്താല്‍ മതിയാകും.

അമ്മമാരുടെ സുഖപ്രസവങ്ങള്‍  പിന്നീടു ഉണ്ണികള്‍ക്ക് അസുഖകരസ്വപ്നങ്ങളായി പരിണമിക്കുന്നു. പാമ്പുകള്‍ പുളക്കുന്ന വീഞ്ഞുപാത്രങ്ങളും മിസ്സൈലുകള്‍ പറക്കുന്ന ആകാശചെരുവുകളും പെണ്‍കുഞ്ഞുങ്ങളെ പെര്‍വെര്‍ട്ടുകള്‍ ആക്കുന്നു. പാവം പാവം ആണ്‍കുഞ്ഞുങ്ങള്‍ ശാലോം താഴ്വാരങ്ങളിലും ശബരിമലകളിലും ദൈവങ്ങളുടെ സ്വന്തം ആട്ടിടയന്മാര്‍, ഗോപാലകന്മാര്‍.
.  ജാഗരത്തിലും സുപ്തിയിലും പാല്‍ ചുരത്തുന്ന മാടുകള്‍ അവര്‍ക്ക് സ്വന്തം. എന്നിട്ടും വെയില്‍ കൊണ്ട് കറുത്ത അവരുടെ പുറംതൊലി നോക്കി സുഖപ്രസവവിദഗ്ധകള്‍ കണ്ണ് കലക്കുന്നു. അത് നോക്കി അശ്രീകരപ്പെണ്ണുങ്ങള്‍ ഒരു ഫാലിക് ആക്രമണത്തിന്റെ പകയോടെ പുട്ട്കുറ്റികള്‍ക്ക് കീഴെ തവിക്കണകള്‍ കുത്തിയിറക്കുന്നു. നാശങ്ങള്‍ !

കത്രികകള്‍ വായ്ത്തലമൂര്‍ച്ചയാല്‍ വെട്ടിയെടുത്ത കുഞ്ഞുടലുകളെ, ആശുപത്രിമുറികളില്‍ നിങ്ങള്ക്ക് സമാധാനം. തുടര്‍ന്ന് മുന്നോട്ടും. എനിക്ക് നിങ്ങളോട് മാത്രമാണ് അസൂയ. ഇന്‍ക്യുബേറ്ററൂകളില്‍ വിരിഞ്ഞ തീപ്പൂക്കളെ, നിങ്ങളുടെതാണ് ഈ ഭൂമിയിലെ വലത്തോട്ട് ചെരിവുള്ള ഉദ്യാനങ്ങള്‍. എന്തൊരു പകയാണന്നോ എനിക്ക് നിങ്ങളോട്. ഇന്‍ഷുറന്‍സ് വീടുകളില്‍ വിപ്ലവം വരാത്തതിനാല്‍, ഇനി ചര്‍ച്ചകളില്ല അസമസ്ഥ സഖാക്കളെ.

കടപ്പാട്: സോഷിയോളോജിക്കും മൂന്ന് സുഖപ്രസവം കൂളായി നടത്തിയ പെറ്റമ്മക്കും.