Friday 9 September 2011

ചാണകം.



ജംഗലവാസിയായ  അപ്പന്റെയും നെഞ്ചു മൂടാത്ത 
ആയിയുടെയും പത്താമത്തെ  ഉല്‍പ്പന്നം പ്രജാതയായത് ഗോമയം ഉണക്കി സംഭരിച്ച ഒരു ഗംഭീരതൊള്ളത്തിനു സമീപമായിരുന്നു.  ആ സുഗന്ധത്തില്‍ പിറന്നു  വീണ ഉടനെ അവള്‍ ഗീര്‍വ്വാണഭാഷയില്‍ ലക്ഷ്മി എന്നും ഏതദ്ദേശീയ ഗോത്രമനുഷ്യരുടെ അപഭ്രഷ്ടഭാഷയില്‍ ലച്മി എന്നും നാമകരണം ചെയ്യപ്പെട്ടു. 

അവളാകട്ടെ എത്രയും അമലമായ ആദിദ്രാവിഡശോണമഹിമയില്‍ പൈപ്പെണിന്റെ അമേദ്ധ്യത്തേക്കാള്‍ കറുത്തിരുന്നു. മലനാടിന്റെ ചോറുപാത്രത്തില്‍ കുരുമുളക് പോലെ ഒരു കരിമക്കുഞ്ഞു. 

അസ്പൃശ്യഗോത്രവഴിയിലെ  ചെറുകുറുമ ചാണകം തേവിയ സസ്യതണ്ടുകള്‍ ഭക്ഷിച്ചും പൊച്ചത്തേന്‍ കുടിച്ചും ആര്‍ഷദൈവങ്ങള്‍ ഓശാരം ചെയ്ത പേയിവെളുപ്പുള്ള കുട്ടികള്‍ കരുംപല്ലുകള്‍ കാട്ടിചിരിച്ചു. വെണ്മണി മുറുവലുകള്‍ കൊണ്ടു അവള്‍ മറുചിരി ചിരിച്ചു. തന്‍നാട് പെണ്‍ജാതിയുടെ മനസ്സുപോലെ വെളുത്ത പല്ലുകള്‍. 

പെരുമാട്ടി ദൈവത്താന്‍കോട്ടത്തറ മെഴുക്കിനു ചൂരുള്ള മലവും വെണ്ണമധുരത്തിന് മഞ്ഞുപാലും ചുരത്തുന്ന, ആരുടെയോ(?) ആസ്തിനിലങ്ങളില്‍ മേഞ്ഞുനടക്കുന്ന ഒരു ഭൂതത്തിപ്പശു.

അവളുടെ കൊട്ടാരം കടന്നു പോകുന്നവര്‍ മൂക്ക് പൊത്തി. അതിനോടകം അന്ധരായിരുന്നതിനാല്‍ കണ്ണുകള്‍ പൊത്തേണ്ട എന്ന് ആശ്വസിക്കുകയും ചെയ്തു. 
 കുളവും കിണറും ഉപ്പുപാല്‍ത്തിരകള്‍ ഒളിപ്പിക്കാന്‍ തുടങ്ങിയതിന്റെ നാലാം വര്‍ഷം,പടുകൂറ്റന്‍ സാമാനവണ്ടിയില്‍ അന്‍പതു ചാക്ക് ചാണകമാണ് അവള്‍ വില ചോദിക്കാതെ കൊടുത്തുവിട്ടത്‌. പാലും കോളയും ഒഴുകുന്ന കാനാന്‍ദേശത്തെ യന്ത്രഗൃഹം  വൈരുധ്യാത്മകത ഏതുമില്ലാതെ അന്ന് ശുദ്ധീകരിക്കപ്പെട്ടു. വിശുദ്ധമൃഗം, വിശുദ്ധവിസ്സര്‍ജ്യം.
 അവളാകട്ടെ  അനിവാര്യമായ വിസ്മൃതിയില്‍ വീണ്ടും ആരുടെയോ(?) ആസ്തിനിലങ്ങളില്‍ പുല്ലുചെത്തിക്കൊണ്ടെയിരുന്നു.

No comments:

Post a Comment